രാജ്യത്തെ റീട്ടെയ്ല്‍ ക്രെഡിറ്റ് വിപണി ശക്തമായ നിലയില്‍





കൊച്ചി: രാജ്യത്തെ റീട്ടെയ്ല്‍ ക്രെഡിറ്റ് മേഖല കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ വളര്‍ച്ച നേടിയതായി ആഗോള ഡാറ്റ, സാങ്കേതിക സേവനദാതാക്കളായ എക്സ്പീരിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. 2026 മാര്‍ച്ച് 31ലെ കണക്കുകള്‍പ്രകാരം, റീട്ടെയ്ല്‍ വായ്പാ വിപണിയുടെ മൊത്തം ആസ്തി 19 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 137 ലക്ഷം കോടി രൂപയായി. സുരക്ഷിത വായ്പകളിലുള്‍പ്പെടെ ആവശ്യകത വര്‍ധിച്ചതും തിരിച്ചടവ് കാര്യക്ഷമമായതുമാണ് വിപണിക്ക് നേട്ടമായത്. റീട്ടെയ്ല്‍ ക്രെഡിറ്റ് വിപണി കൂടുതല്‍ ശക്തവും സുരക്ഷിതവുമായ നിലയിലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പുതിയ വായ്പകള്‍ അനുവദിക്കുന്ന വിഭാഗം 31 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 75 ലക്ഷം കോടി രൂപ രേഖപ്പെടുത്തി. 


സുരക്ഷിത വായ്പകളില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയുണ്ടായി. ഭവന വായ്പ, സ്വര്‍ണ വായ്പ, ആസ്തി അടിസ്ഥാനമാക്കിയ മറ്റു വായ്പകള്‍ എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. റിസ്ക് കുറവുള്ള വായ്പ ഉത്പന്നങ്ങള്‍ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങളും, അത്തരം വായ്പകള്‍ കരസ്ഥമാക്കാന്‍ ഇടപാടുകാരും കൂടുതല്‍ താത്പര്യം കാണിക്കുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. ആദ്യമായി വായ്പയെടുക്കുന്ന ഇടപാടുകാരെ ഔദ്യോഗിക വായ്പാ സംവിധാനത്തിലേക്ക് എത്തിക്കുന്നതില്‍ സ്വര്‍ണ വായ്പകള്‍ക്ക് വലിയ പങ്കാണുള്ളത്. ലളിതമായ നടപടിക്രമങ്ങളിലൂടെ വേഗത്തില്‍ വായ്പ ലഭിക്കുന്നതിനാല്‍ വിപണിയില്‍ സ്വര്‍ണ വായ്പയ്ക്ക് ആവശ്യക്കാരേറെയാണ്. 


വായ്പാ തിരിച്ചടവിലും പുരോഗതിയാണുള്ളത്. ഒരു മാസത്തിലേറെ തിരിച്ചടവ് മുടങ്ങുന്ന വായ്പകളുടെ അനുപാതം 3 ശതമാനമായി കുറഞ്ഞു. രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ബിഎഫ്സി) ഫിന്‍ടെക് കമ്പനികളുമാണ് റീട്ടെയ്ല്‍ ക്രെഡിറ്റ് വിപണിയുടെ ഏറിയ പങ്കും വഹിക്കുന്നത്. ഭവന വായ്പ, സ്വകാര്യ വായ്പ എന്നീ വിഭാഗങ്ങളില്‍ ജനപ്രിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് പൊതുമേഖലാ ബാങ്കുകളും വിപണിയില്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments